vpkpala@gmail.com 04822 210 811

Responsive image

രൂപതാമക്കള്‍ക്ക് പാപ്പായുടെ സഹായനിധി

വത്തിക്കാൻ സിറ്റി: ആഗോളസഭയുടെ തലവൻ മാത്രമല്ല, റോമാ രൂപതയുടെ ബിഷപ്പുകൂടിയാണ് പാപ്പ. പ്രസ്തുത അജപാലന ദൗത്യത്തിന്റെ ഭാഗമായി, കൊറോണാമൂലം പ്രതിസന്ധിയിലായ തന്റെ രൂപതാമക്കൾക്കുവേണ്ടി രൂപീകരിച്ച പ്രത്യേക സഹായനിധിയിലേക്കുള്ള ആദ്യ സംഭാവനയും പാപ്പതന്നെ കൈമാറി- ഒരു മില്യൺ യൂറോ (എട്ട് കോടിയിൽപ്പരം രൂപ). തൊഴിലില്ലായ്മയും സാമ്പത്തികമാന്ദ്യവും മൂലം ക്ലേശിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ രൂപീകരിച്ച പദ്ധതിക്ക് ‘യേശു ദിവ്യനായ തൊഴിലാളി’ എന്ന പേരാണ് നൽകിയിരിക്കുന്നത്. സർക്കാരിന്റെയും സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനും ആനുകൂല്യങ്ങൾക്കും അർഹരാകാത്തവരിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കണമെന്ന്, ആദ്യ സംഭാവന കൈമാറിക്കൊണ്ട് വികാരി ജനറലിനെ ഓർമിപ്പിക്കുകയും ചെയ്തു പാപ്പ. തൊഴിലിന്റെ മാഹാത്മ്യം, അന്തസ്, തൊഴിൽ ചെയ്ത് ജീവിക്കേണ്ടതിന്റെ ആവശ്യകത എന്നീ കാര്യങ്ങൾ ഗുണഭോക്താക്കളെയും ഫണ്ട് കൈകാര്യം ചെയ്യുന്നവരെയും ഒരുപോലെ ഓർപ്പിക്കാനാണ് ‘യേശു ദിവ്യനായ തൊഴിലാളി’ എന്ന പേര് പദ്ധതിക്ക് നൽകാൻ കാരണമെന്ന് പാപ്പ വ്യക്തമാക്കി. റോമിലെ സ്ഥാപനങ്ങൾ, പ്രസ്ഥാനങ്ങൾ, വ്യക്തികൾ, വൈദിക- സന്യസ്ത കൂട്ടായ്മകൾ എന്നിവർ ഫണ്ടിലേക്ക് കഴിയുംവിധം സംഭാവനകൾ നൽകണമെന്നും പാപ്പ അഭ്യർത്ഥിച്ചു. സഭയുടെ ഔദ്യോഗിക ജീവകാരുണ്യ സംരംഭമായ ‘കാരിത്താസ് റോമാ’ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കൊറോണ മഹാമാരിയുടെ ക്ലേശങ്ങളഉടെ പശ്ചാത്തലത്തിൽ ലോകജനതയെ സഹായിക്കാൻ ഏപ്രിൽ ആദ്യവാരംതന്നെ വത്തിക്കാൻ പ്രത്യേക സഹായനിധിക്ക് രൂപം നൽകിയിരുന്നു. സഹായനിധി രൂപീകരിക്കാൻ നിർദേശിച്ച പാപ്പതന്നെ, അതിലേക്ക് ആദ്യ സംഭാവനയായി ഏഴര ലക്ഷം ഡോളർ നീക്കിവെച്ചതും ശ്രദ്ധേയമായിരുന്നു.




Related News